Sample Pages | Read the Opening of 24 Codes

Read the first pages

The opening of chapter one, exactly as printed in the book. The novel is in Malayalam.

Chapter one

ചന്ദ്രകാന്തം

‘ചന്ദ്രകാന്തം’ അന്ന് പതിവിലേറെ സുവർണ്ണപ്രഭയിൽ കുളിച്ചുനിന്നു. വീടിന്റെ പേര് അന്വർത്ഥമാക്കുംവിധം പൂർണ്ണചന്ദ്രൻ മുകളിൽ ഉദിച്ചുനിന്നു. അന്ന് കാർത്തികപൂർണ്ണിമയായിരുന്നു. അതുകൊണ്ടാവണം ചന്ദ്രന് വല്ലാത്തൊരു വശ്യത. ചന്ദ്രകാന്തത്തിന്റെ വലതുഭാഗത്തുകൂടിയാണ്, താഴെ പെരിയാർ ഒഴുകുന്നത്. മുകളിൽനിന്നു നോക്കിയാൽ പെരിയാർ നിശ്ചലയാണെന്നു തോന്നും. സൗമ്യഭാവം. പക്ഷേ, വന്യമായ അടിയൊഴുക്കുകൾ ഉള്ളിലൊളിപ്പിച്ചിരുന്നു അവൾ.

കുഞ്ഞോളങ്ങളെ തലോടി നിലാവ് പുഴയിൽ പതിയെ ചുവടു വെച്ചു. ദൂരെ മലമുകളിൽനിന്ന് നവംബറിന്റെ മഞ്ഞ് നിഗൂഢമായ ചില രൂപങ്ങൾ മെനഞ്ഞ് പതിയെ താഴോട്ടിറങ്ങി. പാലപ്പൂമണമുള്ള കാറ്റ് ചന്ദ്രകാന്തത്തെ തഴുകി കടന്നുപോയി. അത്രമേൽ മനോഹരമായിരുന്നു ആ വീട്. നിലാവിൽ ദൂരെനിന്നു കണ്ടാൽ ജീവനുള്ള ഒരു രവിവർമ്മച്ചിത്രംപോലെ. പ്രകൃതിയുടെ അഭൗമസൗന്ദര്യവും വാസ്തുവിദ്യയും സമ്മേളിച്ച ഒരു ഉത്തമകലാസൃഷ്ടിയായിരുന്നു ചന്ദ്രകാന്തം. ചിത്രകലയും ശില്പകലയും സമന്വയിപ്പിച്ച, നൃത്തം ഇതിവൃത്തമാക്കി പണിത ഒരു സൗധം.

ലോകപ്രശസ്ത ആർക്കിടെക്റ്റ് ഹിമാംശു താക്കൂറാണ് ആ വീടിന്റെ ശില്പി. അഞ്ച് വർഷമെങ്കിലും എടുത്തുകാണും പണി പൂർത്തീകരിക്കാൻ. മറ്റെങ്ങും കാണാത്തതരത്തിലൊരു വീട്. പഴമയും പുതുമയും ശില്പഭംഗിയും സാങ്കേതികവിദ്യയും സമ്മേളിക്കുന്ന ഒരു ചെറു കൊട്ടാരം എന്നുപറയുന്നതാവും കൂടുതൽ ശരി.

നൂപുര ദാസിന് നൃത്തത്തിൽ മാത്രമല്ല; മറിച്ച്, എല്ലാറ്റിലും ഒരു തനത് ശൈലിയുണ്ട്. അവരെപ്പോലെതന്നെ അവരുടെ ശീലങ്ങളും പലപ്പോഴും അന്താരാഷ്ട്ര മാധ്യമങ്ങളിൽവരെ ഇടംപിടിക്കാറുമുണ്ട്, അതിലൊന്ന് ഈ വീടുതന്നെയാണ്. ഇത്തരത്തിൽ ഒരു വീട് കൊച്ചിയിൽനിന്ന് അറുപതു കിലോമീറ്റർ മാറി ഒരു കുന്നിൻമുകളിൽ ഉണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

ഹിമാംശു താക്കൂറിന് ഈ വീടുനിർമ്മാണം ഒരു വെല്ലുവിളിയായിരുന്നു. അതേസമയം, നൂപുരയ്ക്ക് കൃത്യമായ ധാരണകളും ലക്ഷ്യവും ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ കുറേയൊക്കെ എളുപ്പമായി. താക്കൂറിന്റെ ഭാര്യ ലക്ഷ്മി ബിശ്വാസും നൂപുര ദാസും ബാല്യകാലസുഹൃത്തുക്കളാണ്. ഇരുവരും ഒഡീസ്സി നൃത്തം അഭ്യസിച്ചത് നൃത്താചാര്യൻ പത്മവിഭൂഷൺ കേളുചരൺ മോഹാപത്രയുടെ ശിക്ഷണത്തിലായിരുന്നു. ഡിഗ്രി പഠനത്തോടെ ലക്ഷ്മി ബിശ്വാസിന് നൃത്തത്തോടുള്ള അഭിനിവേശം കുറഞ്ഞെങ്കിലും നൂപുരയ്ക്ക് അത് ഓരോ ജീവശ്വാസത്തിലും അലിഞ്ഞുചേർന്ന വികാരമായിരുന്നു. നാല്പതാം വയസ്സിലും വിവാഹത്തെക്കുറിച്ചുപോലും ചിന്തിക്കാതെ നൂപുര ഇന്നും ലോകം ചുറ്റുന്നത് ആ അഭിനിവേശത്തിന്റെ പുറത്താണ്. അവരുമായുള്ള ആത്മബന്ധംകൊണ്ടുതന്നെയാണ് വീട് എന്ന മോഹം ഉള്ളിലുണർന്നപ്പോൾ രണ്ടാമതൊരു സാധ്യത പരിഗണിക്കാതെ നൂപുര ദാസ് ചന്ദ്രകാന്തം അവരെത്തന്നെ ഏൽപ്പിച്ചത്.

വീട് എന്ന സങ്കല്പം ഉള്ളിലുദിച്ചപ്പോൾ നൂപുര ആദ്യം ഓർത്തത് വിഖ്യാത ഇറാഖ്-ബ്രിട്ടീഷ് ആർക്കിടെക്ട് സാഹ ഹദീദിനെ കുറിച്ചായിരുന്നു. എന്തൊരു സ്ത്രീയാണവർ! പുരുഷാധിപത്യത്തിന്റെ ഒരു മേഖലയിൽ ധൈര്യപൂർവ്വം കടന്നുചെല്ലാനും അവിടെ തന്റേതായ ലോകോത്തരമായ ഒരിടം നേടാനുമായ സാഹ ഹദീദിന്റെ ഒരു ആരാധികയായിരുന്നു നൂപുര. തന്റെ വിദേശപര്യടനങ്ങളിൽ അവരുടെ ഒരു നിർമ്മിതിയുണ്ടെങ്കിൽ അത് തീർച്ചയായും അവൾ കണ്ടിരിക്കും. കേവലം ഒരു ആരാധനയ്ക്കപ്പുറം സാഹ ഹദീദ് കടംകൊണ്ട ശൈലികളായിരുന്നു നൂപുരയെ അമ്പരിപ്പിച്ചത്.

ഉദാഹരണത്തിന്, അവരുടെ ഏറ്റവും ഉദാത്ത നിർമ്മിതികളിൽ ഒന്നായ ചൈനയിലെ ഗാങ്ഷൂ ഓപ്പറ ഹൗസ്, പുഴവെള്ളം തഴുകി മിനുസപ്പെടുത്തിയ ഉരുളൻകല്ലുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്തതാണെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ!

അബുദാബിയിലെ ഷെയ്ക്ക് സെയ്ദ് ബ്രിഡ്ജ്, മരുഭൂമിയിലെ മണൽത്തിട്ടകളുടെ തരംഗാകൃതിയെ അനുകരിച്ച് നിർമ്മിച്ചതാണെത്രേ. പക്ഷേ, നൂപുരയ്ക്ക് ഏറ്റവും ഇഷ്ടം അസർബൈജാനിലെ ബാക്കുവിലുള്ള ഹൈദർ അലിയേവ് സെന്ററാണ്. അതുകണ്ടപ്പോൾ ഒരു കെട്ടിടത്തിനും നൃത്തം ചെയ്യാനാവുമെന്ന് അവൾക്കു തോന്നിയിരുന്നു, ചന്ദ്രകാന്തത്തിനും അത്തരമൊരു ജീവൻ വേണമെന്ന് നൂപുര അന്നേ തീരുമാനിച്ചിരുന്നു. കുന്നും മലകളും കാറ്റും മരുഭൂമിയും മേഘങ്ങളുമൊക്കെ തന്റെ നിർമ്മിതിയിൽ കൊണ്ടുവന്ന സാഹ ഹദീദ് യഥാർത്ഥത്തിൽ പ്രകൃതിയെ തന്റെ നിർമ്മിതികളിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു. വിശ്വപ്രകൃതിതന്നെയാണ് ഏറ്റവും വലിയ ശില്പിയും ചിത്രകാരനും സംഗീതജ്ഞനുമൊക്കെ. തന്റെ ആത്മാവിലേക്ക് പ്രകൃതിയെ ആവാഹിച്ചു സൃഷ്ടിക്കപ്പെടുന്നതെല്ലാം…

The story continues in the book

Want to read what happens next?

Launch offer: ₹500 including postage (prepaid orders, limited period).

₹500₹600 Launch offer · postage included
Buy Now